അൽ-മുഖ്തസർ
وَبَشِّرِ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ أَنَّ لَهُمْ جَنَّـٰتٍ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ ۖ كُلَّمَا رُزِقُوا۟ مِنْهَا مِن ثَمَرَةٍ رِّزْقًا ۙ قَالُوا۟ هَـٰذَا ٱلَّذِى رُزِقْنَا مِن قَبْلُ ۖ وَأُتُوا۟ بِهِۦ مُتَشَـٰبِهًا ۖ وَلَهُمْ فِيهَآ أَزْوَٰجٌ مُّطَهَّرَةٌ ۖ وَهُمْ فِيهَا خَـٰلِدُونَ ﴿٢٥﴾
മുൻകഴിഞ്ഞ താക്കീതുകൾ കാഫിറുകൾക്കുള്ളതാണെങ്കിൽ, - നബിയേ - അല്ലാഹുവിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് സ്വർഗ്ഗമുണ്ടെന്ന സന്തോഷവാർത്ത അറിയിക്കുക. അതിലെ കൊട്ടാരങ്ങളുടെയും മരങ്ങളുടെയും താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്നുണ്ടാകും. അതിലെ വിശിഷ്ടമായ പഴങ്ങൾ ഭക്ഷിക്കാൻ ലഭിക്കുമ്പോഴെല്ലാം, ഇഹലോകത്തെ പഴങ്ങളോട് അതിന് ഏറെ സാദൃശ്യമുള്ളതിനാൽ "മുമ്പും ഞങ്ങൾക്ക് ലഭിച്ചതാണല്ലോ ഇത്" എന്നവർ പറയും. പേരിലും രൂപത്തിലും അവയ്ക്ക് ദുൻയാവിലുള്ളതിനോട് സാദൃശ്യം നൽകിയത്, നേരത്തെ പരിചയമുള്ളതിനാൽ അവ കഴിക്കാനായി അവർ മുന്നോട്ടുചെല്ലാൻ വേണ്ടിയാണ്. എന്നാൽ സ്വാദിലും രുചിയിലും അതിന് ഏറെ വ്യത്യാസമുണ്ട്. പരിശുദ്ധരായ ഇണകളും അവർക്കവിടെയുണ്ട്. ഈ ലോകത്ത് പൊതുവെ മനുഷ്യർ അകന്നു നിൽക്കുകയും വെറുക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളിൽ നിന്നും മുക്തരായ ഇണകൾ. തീർന്നു പോകാത്ത അനശ്വരമായ അനുഗ്രഹത്തിലായിരിക്കുമവർ. ദുൻയാവിലെ മുറിഞ്ഞുപോകുന്ന സുഖം പോലെയല്ല അത്.